സംസ്ഥാനത്തുള്ള പൊതുവിദ്യാലയങ്ങളില്‍ പട്ടികവര്‍ഗ (എസ്ടി) വിദ്യാര്‍ഥികളുടെ സാന്നിധ്യം കൃത്യമായി ഉറപ്പുവരുത്താന്‍ നടപടികളുമായി സര്‍ക്കാര്‍. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഗോത്രവിഭാഗം കുട്ടികളുടെ പഠന പുരോഗതി ത്വരിതപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചേര്‍ന്ന സംസ്ഥാനതല ഏകോപന സമിതി യോഗ തീരുമാനങ്ങളെ തുടര്‍ന്നാണ് ഈ പുതിയ നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഹാജര്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനായി എല്ലാ സ്‌കൂളുകളും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (KITE) വികസിപ്പിച്ചെടുത്ത ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പും പോര്‍ട്ടലും നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.