കോഴിക്കോട് വയനാട് ജില്ലകളെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നതും ഏറ്റവും കുറഞ്ഞ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നതുമായ ഏക ചുരമില്ലാപ്പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡിന്റെ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
1994 ൽ പ്രവർത്തി ആരംഭിക്കുകയും രണ്ട് ജില്ലകളിലുമായി 70 ശതമാനത്തിലധികം പണി പൂർത്തയാകുകയും ചെയ്ത ഈ റോഡിന്റെ പ്രവൃത്തി പിന്നീട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രയലായത്തിന്റെ ഇടപെടൽ മൂലം തടസ്സപ്പെടുകയാണുണ്ടായത്. എന്നാൽ ഇപ്പോൾ പൊതു ആവശ്യങ്ങൾക്ക് വനം വിട്ട് നൽകാമെന്നും 1996 ന് മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതികൾക്ക് ഇളവ് നൽകാമെന്നുമുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അലൈൻമെന്റും ഡിപിആറും തയ്യാറാക്കി സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി പുതിയ പ്രൊപ്പോസൽ എത്രയും പെട്ടെന്ന് കേന്ദ്രത്തിന് നൽകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഹെലൻ ഫ്രാൻസിസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എം ജോർജ് അധ്യക്ഷത വഹിച്ചു. ടെന്നിസൺ ചാത്തംകണ്ടം, രാജീവ് തോമസ്, ടി മനോജ് കുമാർ, സി സി തോമസ്, ടി പി ചന്ദ്രൻ, ജെയിംസ് വേളാശ്ശേരി, ജോണി പ്ലാക്കാട്ട്, സുരേഷ് വാളൂർ, ജോസ് പാലിയത്ത്, എടത്തിൽ ബാലകൃഷ്ണൻ, ടി വി ഗംഗാധരൻ, എം. അബ്ദുൾ സലീം, കരോൾ കെ ജോൺ, അഭിലാഷ് പാലാഞ്ചേരി എന്നിവർ പ്രസംഗിച്ചു.