കൊച്ചി: വിവാദമായ ചുമ സിറപ്പ് കോൾഡ്രിഫ് സംസ്ഥാനത്തും നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ.13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംസ്ഥാനത്തെ മരുന്ന് കടകളിലും ആശുപത്രികളിലും ഇനി ഈ മരുന്ന് വിൽക്കാനോ നൽകാനോ പാടില്ല. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ സംസ്ഥാനത്ത് ഈ ബാച്ച് വിതരണം നടത്തിയിട്ടില്ലെന്നതാണ് കണ്ടെത്തിയത്. എങ്കിലും മുൻകരുതലിന്റെ ഭാഗമായി, മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണ്ണമായി നിരോധിക്കാനുള്ള നിർദേശം ആരോഗ്യ വകുപ്പ് നൽകിയതായി മന്ത്രി വ്യക്തമാക്കി.
അതേസമയം, ഡി.ജി.എച്ച്.എസ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്) കഫ് സിറപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചു.