ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥ തലത്തിൽ അതിവേഗ ഇടപെടൽ ഉണ്ടാവണമെന്ന് സ്പീക്കർ എ എൻ ഷംസീർ. എലത്തൂർ നിയോജക മണ്ഡലം അദാലത്ത് ‘കൂടെയുണ്ട് കരുത്തായി കരുതലായി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഏറ്റവും ആത്യന്തികമായ യജമാനന്മാർ ജനങ്ങളാണെന്ന ചിന്തയോടെയുള്ള ഇടപെടലാണ് ഉണ്ടാവേണ്ടത്. വികസന ലക്ഷ്യത്തിലേക്കെത്താൻ വിയോജിപ്പുകൾ മാറ്റിവച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരാതികൾ പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമമാണ് സർക്കാർ തലത്തിൽ നടക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമനിർമ്മാണ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന സഭയാണ് കേരള നിയമസഭയെന്നും സ്പീക്കർ പറഞ്ഞു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ പരാതികളില്‍ ഏതെങ്കിലും കാരണത്താല്‍ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി ഷീബ, പി പി നൗഷീർ, കെ ടി പ്രമീള, കൃഷ്ണവേണി മാണിക്കോത്ത്, സി എം ഷാജി, എ സരിത, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കോർപ്പറേഷൻ കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.