താമരശ്ശേരി ചുരം റോഡില്‍ പാറയിടിച്ചിലുണ്ടായ സ്ഥലത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (മോര്‍ത്ത്) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മോര്‍ത്ത് റിട്ട. എഡിജി ആര്‍ കെ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഐഐടി പാലക്കാട് പ്രൊഫസര്‍ കെ ദിവ്യ, മോര്‍ത്ത് കേരള റീജ്യണല്‍ ഓഫീസര്‍ ബി ടി ശ്രീധര തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കു ശേഷം സംഘം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി.
പ്രദേശത്ത് തുടര്‍ അപകടങ്ങള്‍ തടയുന്നതിന് താല്‍ക്കാലികവും സ്ഥിരവുമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് മോര്‍ത്ത് പ്രതിനിധികള്‍ അറിയിച്ചു. മുകള്‍ ഭാഗത്തെ പാറകള്‍ പൊട്ടിച്ചുനീക്കുന്നത് കൂടുതല്‍ അപകടത്തിന് ഇടവരുമെന്നതാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പകരം പാറയിടിച്ചില്‍ തടയുന്നതിന് താല്‍ക്കാലിക പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കും. പ്രദേശത്തിന്റെ ഭൂമിശാസ്ത്ര ഘടന, മണ്ണിന്റെ സ്വഭാവം ഉള്‍പ്പെടെ കൂടുതല്‍ പഠനത്തിന് വിധേയമാക്കിയ ശേഷം സ്ഥിരം പരിഹാര മാര്‍ഗങ്ങള്‍ ആരായാനാണ് തീരുമാനം.
ഓഗസ്റ്റ് 26നാണ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് ദിവസങ്ങളോളം ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നേരത്തേ എന്‍ഐടി സംഘവും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
എന്‍ഐടി സിവില്‍ വിഭാഗം പ്രൊഫസര്‍ സന്തോഷ് ജി തമ്പി, പിഡബ്ല്യുഡി എന്‍ എച്ച് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി സുജീഷ്, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം രാജീവ്, താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍, ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി, അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരായ അഖില്‍, ദീപ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.