പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ വടകര വില്യാപ്പള്ളി-ചേലക്കാട് റോഡ് 12 മീറ്ററിൽ വീതികൂട്ടുന്ന പ്രവൃത്തിക്ക് തുടക്കമായി. ഫണ്ടുൾപ്പടെ പാസായിട്ടും ഏറെക്കാലമായി നിരവധി പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന പദ്ധതിയാണ് കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ നിരന്തര ഇടപെടലിലൂടെ തടസ്സങ്ങൾ നീക്കി ആരംഭിച്ചത്.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ അക്ലോത്ത് നടയിൽനിന്നാണ് വീതിക്കൂട്ടൽ പ്രവൃത്തി ആരംഭിച്ചത്.
ഇതിൻ്റെ തുടർച്ചയായി കലുങ്ക്, ഓവുചാൽ നിർമാണവും നടക്കും. കിഫ്ബിയുടെ എസ്.പി.വിയായ കെ.ആർ.എഫ്.ബിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. 61.71 കോടി രൂപയുടെ പ്രവൃത്തിയുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 6.50 കോടി രൂപ വാട്ടർ അതോറിറ്റി, കെ എസ് ഇ ബി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനാണ്. ഒന്നര വർഷമാണ് പ്രവൃത്തി പൂർത്തിയാക്കാനുള്ള സമയം.