കോഴിക്കോട്: ഹൈവേ വികസനത്തിന് 100 ഏക്കർ വിട്ടുകൊടുത്തിട്ടും കാലിക്കറ്റ് സർവകലാശാലയ്ക്കു ദേശീയപാതയിൽ നിന്ന് നേരിട്ടുള്ള എക്സിറ്റും എൻട്രിയും അനുവദിച്ചിട്ടില്ല. ഇതിനെതിരെ വിദ്യാർത്ഥികളും ജീവനക്കാരും പ്രതിഷേധം ഉയർത്തുന്നു.
550 ഏക്കറിലായി പ്രവർത്തിക്കുന്ന സർവകലാശാലയിൽ നാലു ജില്ലകളിലായി 450 കോളജുകളും ആറു ലക്ഷത്തിലധികം വിദ്യാർത്ഥികളും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ദിവസേന ആയിരങ്ങൾ എത്തുന്ന പ്രധാന കേന്ദ്രമായിട്ടും ഹൈവേയിൽ നിന്നുള്ള നേരിട്ടുള്ള പ്രവേശന സൗകര്യം ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇപ്പോൾ സർവകലാശാലയിലെത്താൻ ചേളാരി എൻഎച്ച് എക്സിറ്റിൽ നിന്ന് സർവീസ് റോഡിൽ ഇറങ്ങി അഞ്ച് കിലോമീറ്റർ സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് വെളിമുക്ക്, പടിക്കൽ എന്നിവിടങ്ങളിലാണ് എക്സിറ്റ് അനുവദിച്ചിട്ടുള്ളത്. ഇവ തമ്മിൽ ആറു കിലോമീറ്റർ ദൂരം വരും.
ഹൈവേ വികസനത്തിന് 100 ഏക്കർ സ്ഥലം വിട്ടുകൊടുത്തിട്ടും സർവകലാശാലയ്ക്ക് സൗകര്യം നൽകാത്തത് അന്യായമാണെന്ന് സ്റ്റാഫ് ഓർഗനൈസേഷൻ ആരോപിച്ചു. കോഹിനൂർ ടീച്ചേഴ്സ് ഫ്ലാറ്റ് പരിസരത്ത് എക്സിറ്റ് പോയിന്റും ചെട്ടിയാർമാട് ഭാഗത്ത് എൻട്രി പോയിന്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി.