മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്ന ടി. ഷിനോദ് കുമാറിൻ്റെ സ്മരണാർത്ഥം മലയാളപത്രങ്ങളിലെ മികച്ച ഹ്യൂമൻ ഇൻ്ററസ്റ്റ് സ്റ്റോറിക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബും മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ മാധ്യമപുരസ്കാരത്തിന് ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി. ജീജോ അർഹനായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ദേശാഭിമാനി ദിനപത്രം വാരാന്തപ്പതിപ്പിൽ 2025 ഏപ്രിൽ 20ന് പ്രസിദ്ധീകരിച്ച ‘റിയൽ കേരള സ്റ്റോറി’ എന്ന ഫീച്ചറിനാണ് അവാർഡ്. കണ്ണൂർ ജില്ലയിലെ കയരളം സ്വദേശിയാണ് പി.വി. ജീജോ. ഒക്ടോബർ മൂന്നിന് 10 മണിക്ക് കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടക്കുന്ന ടി.ഷിനോദ്കുമാർ അനുസ്മരണച്ചടങ്ങിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ ആമുഖഭാഷണവും ന്യൂസ് എഡിറ്റർ എം.പി. സുര്യദാസ് അനുസ്മരണപ്രഭാഷണവും നടത്തും.
മാതൃഭൂമി റിട്ട. ഡെപ്യൂട്ടി എഡിറ്റർ ടി. സുരേഷ് ബാബു, കേരള കൗമുദി റിട്ട. ന്യൂസ് എഡിറ്റർ കെ. ചന്ദ്രശേഖരൻ, പി.ആർ.ഡി. റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരനിർണയം നടത്തിയത്. വാർത്താസമ്മേളനത്തിൽ പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് ഇ.പി.മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത്, മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് വി.കെ. രജീന്ദ്രകുമാർ, സെക്രട്ടറി വിഷ്ണു രാജ് ബി.എന്നിവർ പങ്കെടുത്തു