കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവേ അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്നനേട്ടത്തിലേക്കടുത്ത് കോഴിക്കോടും. ജില്ലയെ സമ്പൂര്‍ണ അതിദാരിദ്ര മുക്ത ജില്ലയായി ഒക്ടോബര്‍ 15-ന് പ്രഖ്യാപിക്കും. അതിദരിദ്രരായി കണ്ടെത്തിയവരില്‍ 86.74 ശതമാനം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കാന്‍ സാധിച്ചു. നിലവില്‍ 31 തദ്ദേശസ്ഥാപനങ്ങള്‍ അതിദാരിദ്ര മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിക്കുന്നവയില്‍ 21 സ്ഥാപനങ്ങള്‍ ഒക്ടോബര്‍ ആദ്യവും ബാക്കിയുള്ള 26 സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 15-നുള്ളിലും അതിദാരിദ്ര മുക്തമായി പ്രഖ്യാപിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്.
അന്തിമപട്ടിക പ്രകാരം ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയ 6773 കുടുംബങ്ങളില്‍ (11843 പേര്‍) 5882 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി. അതിദാരിദ്ര്യ പട്ടികയില്‍ വീട് മാത്രം ആവശ്യമുള്ള 650 കുടുംബങ്ങളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 569 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാവാന്‍ വസ്തുവും വീടും ആവശ്യമുള്ളതായി ജില്ലയില്‍ കണ്ടെത്തിയ 330 കുടുംബങ്ങളില്‍ 241 കുടുംബങ്ങള്‍ക്ക് വസ്തു ലഭ്യമാക്കി. ഇവരില്‍ 154 കുടുംബങ്ങള്‍ ഇതിനോടകം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. അവശേഷിക്കുന്നവരുടെ വീട് നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. ഭൂരഹിത ഭവനരഹിതരില്‍ ഏഴ് കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂരഹിത ഭവനരഹിതരില്‍ ഒക്ടോബര്‍ 15-നകം വീട് നിര്‍മാണം പൂര്‍ത്തിയാകാത്തവര്‍ക്ക് വീട് വാടകയ്ക്ക് എടുത്തു നല്‍കുകയോ സുരക്ഷിതമായ ഷെല്‍റ്റര്‍ ഉറപ്പുവരുത്തുകയോ ചെയ്യും. വീട് അറ്റകുറ്റപ്പണി ആവശ്യമുള്ള 1068 കുടുംബങ്ങളില്‍ 989 വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള വീടുകളുടെ പണികള്‍ പുരോഗമിച്ചുവരുന്നു.
ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 2021 ജൂലൈയിലെ മാര്‍ഗരേഖപ്രകാരമാണ് ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 6372 മൈക്രോപ്ലാനുകളാണ് ജില്ലയില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്. മൈക്രോപ്ലാന്‍ പ്രകാരം ഭക്ഷണം, മരുന്നുകള്‍, സാന്ത്വന ചികിത്സ, ആരോഗ്യ സഹായ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങള്‍ ആവശ്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കി. ജില്ലയില്‍ 1817 പേര്‍ക്ക്, ഭക്ഷണം, 4011 പേര്‍ക്ക് ആരോഗ്യ സേവനങ്ങള്‍, കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വിവിധ വകുപ്പുകള്‍ വഴിയും 513 കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം എന്നിവയും അതിദാരിദ്ര പട്ടികയില്‍ വീട് ആവശ്യമുള്ളതായി കണ്ടെത്തിയ 2049 പേരില്‍ 1921 പേര്‍ക്ക് ലൈഫ് മിഷനില്‍ വീട് തുടങ്ങിയവയും സജ്ജമാക്കി. അടിസ്ഥാന രേഖകളില്ലാത്തവര്‍ക്ക് ‘അവകാശം അതിവേഗം’ യഞ്ജത്തിന്റെ ഭാഗമായി 265 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 231 പേര്‍ക്ക് ജോബ് കാര്‍ഡ്, 213 പേര്‍ക്ക് വോട്ടര്‍ ഐഡി, 135 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ അടിയന്തര രേഖകളും 129 പേര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷനും 60 പേര്‍ക്ക് കുടുംബശ്രീ അംഗത്വവും ലഭ്യമാക്കി.
അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വീടിനടുത്ത് തന്നെ തുടര്‍പഠനത്തിന് അവസരം നല്‍കുകയും എല്ലാ കുട്ടികളുടെയും പഠനാവശ്യ യാത്രകള്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകളില്‍ സൗജന്യമാക്കിക്കൊണ്ട് യാത്രാപാസുകള്‍ നല്‍കുകയും പദ്ധതിയുടെ ഭാഗമായി ചെയ്തു. കൂടാതെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും അല്ലാതെയും സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. തനത് ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ലഭ്യമാക്കി. അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച് ജില്ലയെ സമ്പൂര്‍ണ അതിദാരിദ്ര്യ മുക്തമാക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്.