കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തി തുറന്ന് 25 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പാറക്കുളം സ്വദേശി അഖിൽ പിടിയിൽ. ഇന്നലെ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കക്കോടിയിൽ സ്കൂട്ടർ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്. 14 ഇടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി മെഡിക്കൽ കോളേജ് എ സി പി എ ഉമേഷ് അറിയിച്ചു.
മോഷണ പരമ്പര നടത്തിയ പാറക്കുളം സ്വദേശി അഖിൽ കക്കോടി, കാക്കൂർ എന്നിങ്ങനെ പല ഇടങ്ങളിലും മോഷണം നടത്തി. കക്കോടിയിൽ വെച്ച് ഉപേക്ഷിച്ച നിലയിൽ പ്രതിയുടെ സ്കൂട്ടർ കിട്ടിയിട്ടുണ്ട്. ഇതിൽ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉണ്ടായിരുന്നത്. പാറക്കുളം ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കിൽ വന്നപ്പോഴാണ് പ്രതിയെ പിടികൂടിയത്. എലത്തൂർ ഭാഗത്ത് മോഷണം പോയ വണ്ടിയായിരുന്നു ഇത്. അഖിലിനെതിരെ 14 ഓളം കേസുകൾ നിലവിലുണ്ട്.
