മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന 28.5 കോടി രൂപയുടെ പ്രവൃത്തികള്‍ 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. താലൂക്ക് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ആശുപത്രി പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. രണ്ട് കോടി രൂപയുടെ അനുബന്ധ കെട്ടിടത്തിന്റെ കരാര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രവൃത്തി ഉടന്‍ ആരംഭിക്കും. ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിന് വനം വകുപ്പില്‍നിന്ന് അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടുപേരെ നിയമിച്ചതായി ഡിഎംഒ അറിയിച്ചു.
യോഗത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ അഖില്‍, കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ടി സി അനുരാധ, എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.