കോഴിക്കോട് : എട്ടു വർഷം മുൻപ് പയിമ്പ്ര പോലൂർ ക്ഷേത്രത്തിനു സമീപം കത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ ക്രൈംബ്രാഞ്ച് പുതിയ ശാസ്ത്രീയ തെളിവുകളിലേക്ക് നീങ്ങുന്നു. മൃതദേഹത്തിൽ കത്താതെ ശേഷിച്ച ഭാഗങ്ങളിൽ നിന്നു ശേഖരിച്ച സാംപിൾ യുഡായി (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) മുഖേന പരിശോധിച്ച് വ്യക്തിയെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ സാംപിൾ പരിശോധനയ്ക്ക് അയക്കും.
പകുതി മുഖം, കൈകാലുകൾ, തലയുടെ പിൻഭാഗം എന്നിവ മാത്രമാണ് മൃതദേഹത്തിൽ കത്താതെ ശേഷിച്ചത്. വസ്ത്രത്തിന്റെ ചില ഭാഗങ്ങളും ലഭിച്ചിരുന്നു. കഴുത്തിൽ പ്ലാസ്റ്റിക് കുരുക്ക് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ശേഖരിച്ച വിരലടയാളം യുഡായിൽ നൽകി ആധാറിലുടെ വിവരങ്ങൾ പരിശോധിക്കാനാണ് ശ്രമം. കൂടാതെ, കാണാതായതായി പരാതി നൽകിയവരുടെ ബന്ധുക്കളിൽ നിന്ന് രക്തസാംപിൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്താനും തീരുമാനം എടുത്തിട്ടുണ്ട്.
ആദ്യം ചേവായൂർ പൊലീസ് അന്വേഷിച്ച കേസ് 2018-ൽ ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിവിഷൻ ഏറ്റെടുത്തു. തെളിവുകൾ തേടി സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനിടെ ബംഗ്ലദേശ് സ്വദേശിയായ ഇസ്‌ലാം മോസം എന്നയാളുടെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽപെട്ടു. തന്റെ ബന്ധുവിനെ കാണാനില്ലെന്ന കുറിപ്പും, കുടവയറും തടിച്ച ശരീരപ്രകൃതിയും ഉണ്ടായിരുന്നുവെന്ന സൂചനകളും അവയിൽ ഉണ്ടായിരുന്നു.