പേരാമ്പ്ര : പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 9, 10 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൻ്റെ പ്രചരണാർത്ഥം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും പരിസ്ഥിതി ക്ലബ്ബും ചേർന്ന് സ്കൂൾ ഹാളിൽ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.
27 ചിത്രകാരന്മാർ പങ്കെടുത്ത ക്യാമ്പ് പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. റാബിയ, പി.എം. ബഷീർ, സി.കെ. കുമാരൻ, കെ.എം. ഷാമിൽ, ഹാഫിസ് പൊന്നേരി, വി.എം. അഷ്റഫ്, ഇ.കെ. യൂസഫ്, മുഹമ്മദ് ബാസിൽ, കെ. ബിയ, മിനി ചന്ദ്രൻ, പി.കെ. വികാസ്, അഹമ്മദ് ബറാമി, സിഗ്നി ദേവരാജ്, സരസ്വതി ബിജു എന്നിവർ ആശംസകളർപ്പിച്ചു.
ക്യാമ്പിൽ വരച്ച ചിത്രങ്ങൾ ഫെസ്റ്റിന്റെ വേദിയിൽ പ്രദർശിപ്പിക്കും. 11 സെഷനുകളോടെ നടക്കുന്ന ഫെസ്റ്റിൽ മാധവ് ഗാഡ്ഗിൽ, മേധാ പട്കർ എന്നിവർ ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള പരിസ്ഥിതി പ്രവർത്തകർ സംബന്ധിക്കും. പ്രചരണാർത്ഥം വൃക്ഷത്തൈ നടൽ, പരിസ്ഥിതി ഗാനമേള, ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിക്കും.