ശിശു സംരക്ഷണ സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വെള്ളിമാടുകുന്ന്, മണ്ണാർ കുന്നിലെ ദീപം അങ്കണവാടിയിൽ യോഗം ചേർന്നു. യോഗ നടപടികൾ കോർപ്പറേഷൻ വാർഡ് കൗൺസിലർ സരിത പറയേരി ഉദ്ഘാടനം ചെയ്തു. ശിശു സംരക്ഷണ സമിതി രൂപീകരിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവർ യോഗത്തിൽ സംസാരിച്ചു. അങ്കണവാടികളുടെ പ്രദേശങ്ങളിലുള്ള വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.
‘ശിശുക്കളിലെ ഭാഷയും ആശയവിനിമയവും’ എന്ന വിഷയത്തിൽ സൈക്കോളജി കൗൺസിലർ ഡോ.വി എൻ സന്തോഷ് കുമാർ അധ്യാപികമാർക്കും രക്ഷിതാക്കൾക്കും ക്ലാസ്സെടുത്തു. ശിശു സൗഹൃദം നാട്ടിലും വീട്ടിലും കാര്യക്ഷമമാക്കാനുള്ള പ്രവർത്തനത്തിൽ എല്ലാരും പങ്കാളികളാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാം അറിയാതെ ശിശുക്കളിൽ ചെലുത്തുന്ന വിപരീത ആശയങ്ങൾ പിൻകാലത്ത് കുട്ടികളുടെ ജീവിതരീതിയിൽ ദോഷമായി ഭവിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മേഖലകളിലമുള്ളവർ ഒരുഘടകം പോലെ പ്രവർത്തിച്ചാൽ മാത്രമാണ് ഇത്തരം സൗഹൃദങ്ങൾ കാര്യക്ഷമമാക്കാൻ കഴിയുകയുള്ളൂ. ദീപം അങ്കണവാടി അധ്യാപിക ബിന്ദു.സി. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അല്ലി റാണി, തനൂജ, ഷെറീജ, സുധ, അതുന തുടങ്ങിയവർ സംസാരിച്ചു.