തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി (റാറ്റ് ഫീവര്‍) വ്യാപനം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രോഗബാധിതരില്‍ 27 പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും 50 വയസിന് മുകളിലുള്ളവരാണ്.ഈ മാസം മാത്രം 500-ല്‍ അധികം പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 22 വരെ സംസ്ഥാനത്ത് 2413 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 153 പേരുടെ ജീവന്‍ നഷ്ടമായി.
സെപ്റ്റംബറില്‍ മാത്രം 287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 27 പേര്‍ മരണപ്പെട്ടപ്പോള്‍ 232 പേരുടെ രോഗബാധ എലിപ്പനിയാണെന്ന സംശയത്തില്‍ തുടരുന്നു. 25 മരണവും സംശയപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കടുത്ത പനി, തലവേദന, വിറയല്‍, ശരീരവേദന, കണ്ണിന് ചുവപ്പ് നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. എലി മൂത്രത്തിലൂടെ രോഗാണു വെള്ളത്തിലും മണ്ണിലും എത്തുന്നു. മാസങ്ങളോളം രോഗാണു സജീവമായി നിലനില്‍ക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.