എം.സി. നാരായണൻ്റെ വേർപാടിനെ തുടർന്ന് സേവാദൾ പ്രസ്ഥാനത്തോടൊപ്പം ആറുപതിറ്റാണ്ടു കാലം അക്ഷീണം പ്രവർത്തിച്ച ഒരു കർമ്മ ഭടനെയാണ് നഷ്ടമായത്. സേവാദൾ പ്രസ്ഥാനം വളർത്തിയെടുത്ത വടകരയിലെ കരുത്തനായ എക്സ്-റേ വേണുവേട്ടൻ്റെ അടുത്ത അനുയായിയായി എം.സി. പ്രവർത്തിച്ചു. അഖിലേന്ത്യാ കോൺഗ്രസ്സ് സമ്മേളനങ്ങളിൽ പങ്കെടുത്ത സേവാദൾ വളണ്ടിയറായ എം.സി. യുടെ ആത്മാർത്ഥതയും നേതൃത്വഗുണവും ഞാൻ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. പല സമുന്നത കോൺഗ്രസ്സ് അദ്ധ്യക്ഷന്മാർക്കും പ്രധാനമന്ത്രിമാർക്കും ഗാർഡ് ഓഫ് ഓണർ നൽകിയ എം.സി. പരിചയപ്പെട്ടവർക്കെല്ലാം ബഹുമാന്യനായിരുന്നു. പരിശുദ്ധ റംസാൻ കാലത്ത് മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ ടി.ഒ. ബാവ സാഹിബ് നടത്തിയ പദയാത്രയിൽ കാസർഗോഡു മുതൽ തിരുവനന്തപുരം സഞ്ചരിച്ച സേവാദൾ വളണ്ടിയർമാരിൽ ഒരാൾ എം.സി.യായിരുന്നു. മലബാർ പ്രദേശങ്ങളിൽ സേവാദൾ വളർത്തി വലുതാക്കിയവരിൽ എം.സി. നാരായണന് ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്. രോഗാതുരനായി കിടക്കുന്ന നാരായണനെ സമീപകാലത്ത് വീട്ടിലെത്തി കാണുകയുണ്ടായി. അവശനാണെങ്കിലും നിർത്താതെ പഴയ കാര്യങ്ങൾ പലതും നാരായണൻ ഓർത്തെടുക്കുകയായിരുന്നു. ഇന്നലെ വീട്ടിലെത്തി അന്തിമാഭിവാദ്യം അർപ്പിച്ചപ്പോൾ പഴയ കാലത്തിലെക്കുള്ള ഒരു തിരിച്ചു പോക്കായി അത് മാറി. പ്രിയ നാരായണൻ്റെ മായാത്ത ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു.