കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ബൈപാസിൽ ടോൾ പിരിവ് ഉടൻ ആരംഭിക്കും. ഈ മാസം അവസാനമോ അടുത്ത മാസം തുടക്കത്തിലോ ടോൾ ചാർജ് ഏർപ്പെടുത്തുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഡൽഹി ആസ്ഥാനമായ റൻജൂർ എന്ന കമ്പനിയാണു ടോൾ പിരിവിനുള്ള കരാർ നേടിയിരിക്കുന്നത്.
കൂടത്തുംപാറയിലെ ടോൾ പ്ലാസയിൽ ടോൾ നിരക്ക് പ്രദർശിപ്പിക്കും. ഇതിനുള്ള അന്തിമ അംഗീകാരം ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലാണ്. ഇതിനോടകം ഫാസ്റ്റ് ടാഗ് സംവിധാനം പ്രവർത്തനക്ഷമമായി.ഓട്ടോറിക്ഷയും രണ്ട് ചക്രവാഹനങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്കായി പ്രത്യേക ലെയിൻ ഒരുക്കിയിട്ടുണ്ട്. സർവീസ് റോഡില്ലാത്ത ഭാഗങ്ങളിൽ മാത്രമേ ബൈക്കും ഓട്ടോറിക്ഷക്കും ബൈപാസ് വഴി യാത്രാനുമതി ഉണ്ടായിരിക്കൂ.
20 കിലോമീറ്റർ പരിധിയിലെ സ്വദേശികൾക്ക് പ്രതിമാസം ₹300 പാസ് ലഭ്യമാക്കും. താമസ രേഖകൾ ടോൾ പ്ലാസയിൽ സമർപ്പിച്ചാൽ, എത്ര തവണ വേണമെങ്കിലും യാത്ര സാധ്യമാകും.സ്വതന്ത്ര എൻജിനീയറുടെ നേതൃത്വത്തിലുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. ബോർഡുകൾ, ലൈറ്റുകൾ, ക്യാമറകൾ അടക്കമുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ദേശീയപാത അതോറിറ്റി അറിയിച്ചു. മലാപ്പറമ്പ്, നെല്ലിക്കോട്, ഹൈലൈറ്റ് മാൾ, മെട്രോമെഡ് മേഖലകളിൽ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാനുണ്ട്.