കൊടുവള്ളി ഗവ. ഹൈസ്കൂളിൽ നിന്നും 1983- 84 വർഷത്തിൽ എസ്എസ്എൽസി കഴിഞ്ഞ വിദ്യാർഥികൾ കൊടുവള്ളി നെടുമല ഹിൽപാർക്കിൽ ‘ഓണക്കാലത്ത് സൗഹൃദ കൂട്ടായ്മ’ എന്ന പേരിൽ ഒത്തുചേർന്നു. 41 വർഷങ്ങൾക്കുശേഷം ആദ്യമായി കണ്ടുമുട്ടിയപ്പോൾ പലരുടെയും കണ്ണുകളിൽ ആശ്ചര്യവും സന്തോഷവും കാണാമായിരുന്നു. പലരും പരസ്പരം ആലിംഗനം ചെയ്തായിരുന്നു എതിരേറ്റത്. പ്രായം മറന്ന് ആടിയും പാടിയും ഓർമകൾ പങ്കുവെച്ചും നടത്തിയ ഒത്തുചേരൽ അവിസ്മരണീയമായി.
റിട്ട.കെമിസ്ട്രി അധ്യാപകൻ സി.സി.ജേക്കബ് ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു. എൻ.കെ.മുഹമ്മദ്കോയ അധ്യക്ഷനായി. റിട്ട.അധ്യാപിക എൻ.വിലാസിനി, റിട്ട.അധ്യാപകൻ മൂസ എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വി.ധനിക് ലാൽ, പി.അബ്ദുൽഅലി, അഹമ്മദ്കുട്ടി മജ്നാസ്, മുസ്തഫ കുന്നുമ്മൽ, കെ.വി.അഷ്റഫ്, എം.പി.അബ്ദുൽ ഷുക്കൂർ, പി.സി. അഖിലേഷ്, കെ.കെ.പ്രമീളകുമാരി എന്നിവർ സംസാരിച്ചു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ നടന്ന ഒത്തുചേരൽ പരിപാടിയിൽ ഓണസദ്യ, വിവിധ കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.