കൊയിലാണ്ടി: പ്രശസ്ത കലാകേന്ദ്രമായ മലരി കലാമന്ദിരത്തിൻ്റെ പന്ത്രണ്ടാമത്, പുരന്ദരദാസർ പുരസ്ക്കാരം ജയശ്രീ രാജീവിന് നൽകും. 35 വർഷത്തിലേറെയായി ശാസ്ത്രീയ സംഗീത മേഖലയിൽ ഗണ്യമായ സംഭാവന നൽകിയ ജയശ്രീ രാജീവ്, നിരവധി പ്രശസ്ത കൃതികൾ പാശ്ചാത്യ സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തിൽ ഫ്യൂഷൻ ശൈലിയിൽ അവതരിപ്പിപ്പിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങളിലൂടെ ശ്രദ്ധ നേടിയ ഗായികയും, അറിയപ്പെടുന്ന നർത്തകിയും വയലിൻ കലാകാരിയുമാണ്. ആകാശവാണി ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റായ ഇവർ മൂസിക്കിൽ എം.എ ഒന്നാം റാങ്കും ബനാറസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഗ്രികൾച്ചറിൽ പി എച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയായ ജയശ്രീ ഇപ്പോൾ കാസർഗോഡ് കൃഷിവിജ്ഞാനകേന്ദ്രത്തിൽ ജീവനക്കാരിയാണ്.
ഒക്ടോബർ ഒന്നിനു കൊയിലാണ്ടിയിൽ 10 മണിക്കൂർ നീണ്ടുനില്ക്കുന്ന മലരി കലാമന്ദിരം വിദ്യാർത്ഥികളുടെ സംഗീതാരാധനയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ രാവിലെ പത്തുമണിക്ക് സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ഉപഹാര സമർപ്പണം നടത്തും. നാടകകൃത്ത് മുരളീധരൻ നടേരി ചടങ്ങിൽ മുഖാതിഥിയാകും. ഉണ്ണികൃഷ്ണൻ (ഏഷ്യാനെറ്റ് ), ഗാനരചയിതാവ് ചന്ദ്രൻ കാർത്തിക, വിവിധ സംഗീതജ്ഞർ, ഗായകർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.