പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ -അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ രജിസ്ട്രേഷന്‍ ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. രാജ്യത്ത് പ്രവാസികള്‍ക്കായി ആദ്യമായി ആരംഭിക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 6.30-ന് തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അതിനുശേഷം ഓണ്‍ലൈനായി രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കും.
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യവും ലോക കേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആശയവുമാണ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികളുള്‍പ്പെടെ രാജ്യത്തെ 16,000 ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കും. അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തുലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും. ഭാവിയില്‍ ജിസിസി രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പോളിസി എടുത്തശേഷം തിരികെ വരുന്ന പ്രവാസികള്‍ക്കും പദ്ധതി തുടരാം. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ പദ്ധതിയുടെ പരിരക്ഷ പ്രവാസികള്‍ക്ക് ലഭ്യമാകും.
മാതാപിതാക്കളും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് പ്രീമിയം. മൂന്നു മക്കളെ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കണമെങ്കില്‍ അധികമായി 4130 രൂപകൂടി നല്‍കണം. ഒരാള്‍ക്കുമാത്രമായി ചേരുന്നതിന് 8,101 രൂപയാണ് പ്രീമിയം. 70 വയസ്സുവരെയുള്ളവര്‍ക്ക് ചേരാം. നോര്‍ക്കയുടെ അപകട ഇന്‍ഷുറന്‍സ് കം തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കാണ് (എന്‍ആര്‍കെ കാര്‍ഡ്) ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരാന്‍ സാധിക്കുന്നത്. എന്‍ആര്‍കെ കാര്‍ഡില്ലാത്തവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനില്‍(www.norkaroots.org) അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.