കോഴിക്കോട് : കാൻസർ ബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രതീക്ഷയുടെ അടിസ്ഥാനം ഒരുക്കി മുന്നേറുകയാണ് ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ ‘ഹോപ് ഹോംസ്’. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ചികിത്സയ്‌ക്കെത്തുന്ന കുട്ടികൾക്കും താമസ സൗകര്യം, പോഷകാഹാരം, മാനസിക പിന്തുണ, 24 മണിക്കൂറും മെഡിക്കൽ സേവനം, ആശുപത്രിയിലേക്കും തിരിച്ചും യാത്രാ സൗകര്യം എന്നിവയാണ് ഇവിടെയൊരുക്കുന്നത്.
2016-ൽ യുഎസിലെ സെന്റ് ജൂഡ്സ് ഹോസ്പിറ്റലിൽ മകന്റെ ചികിത്സാനുഭവം ഏറ്റുവാങ്ങിയ കെ.കെ. ഹാരിസിന്റെ ജീവിതകഥയിലാണ് ‘ഹോപ്പിന്റെ’ വിത്തുകൾ. നാട്ടിലെത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് കോവൂരിൽ ചെറിയൊരു വീടുവാടകയ്ക്ക് എടുത്താണ് ആദ്യത്തെ ഹോപ് ഹോം പ്രവർത്തനം ആരംഭിച്ചത്.
ഇപ്പോൾ കോഴിക്കോട് മായനാട്, കട്ടാങ്ങൽ, തലശ്ശേരി, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിലായി 50-ൽപ്പരം കുട്ടികൾക്കും കുടുംബങ്ങൾക്കും ഹോപ് ഹോംസ് അഭയം നൽകുന്നു. കുഞ്ഞുങ്ങളുടെ സഹോദരങ്ങൾക്കായുള്ള പഠനപിന്തുണയും ഇവിടെയുണ്ട്.ഡോ. സൈനുൽ ആബിദീൻ മെഡിക്കൽ ഡയറക്ടറായ ഹോപ് ഹോംസ്, “കാൻസറിനോട് പോരാടുമ്പോൾ കുട്ടികൾക്ക് സമൂഹത്തിന്റെ കരുതൽ ഏറ്റവും വലിയ മരുന്നാണ്” എന്ന് തെളിയിച്ചിരിക്കുന്നു.