കൊയിലാണ്ടി: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിലൂടെ സുഖയാത്രയുമായെത്തുന്ന വാഹനങ്ങള്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയിക്ക് സമീപമെത്തു
മ്പോള്‍ സര്‍വ്വീസ് റോഡിലെ ഗതാഗത കുരുക്കില്‍ അകപ്പെടേണ്ട അവസ്ഥയ്ക്ക് ഇനിയും പരിഹാരമായില്ല. തിരുവങ്ങൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അണ്ടര്‍പാസിന് മുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ കാലതാമസമെടുക്കുന്നതാണ് എല്ലാ കുരുക്കുകള്‍ക്കും കാരണം. പുതുതായി നിര്‍മ്മിച്ച അണ്ടര്‍പാസും ആറ് വരി പാതയുമായി ഇപ്പോഴും ബന്ധമറ്റ് കിടക്കുകയാണ്. റോഡും അണ്ടര്‍പാസുമായി ബന്ധിപ്പിച്ചാല്‍ പൊയില്‍ക്കാവ് വരെ തട്ടും തടവുമില്ലാതെ യാത്ര ചെയ്യാം. പൊയില്‍ക്കാവില്‍ അണ്ടര്‍പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. തിരുവങ്ങൂരില്‍ അണ്ടര്‍പാസ് നിര്‍മ്മിച്ചിട്ട് രണ്ട് വര്‍ഷത്തോളമായി. എന്നിട്ടും ഇരുവശത്തേയും റോഡുമായി ബന്ധമറ്റ് കിടപ്പാണ്. അതിന് ശേഷമാണ് പൂക്കാടില്‍ അടിപ്പാത നിര്‍മ്മിച്ചത്. അതിന് മുകളിലൂടെ വാഹനം ഓടുന്നുണ്ട്.
തിരുവങ്ങൂരില്‍ അണ്ടര്‍പാസ് ആറ് വരി പാതയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി എന്ന് പൂര്‍ത്തിയാവുമെന്ന് ഒരു നിശ്ചയവുമില്ല. പ്രവൃത്തി രണ്ടാഴ്ചക്കുളളില്‍ ആരംഭിക്കാന്‍ കഴിയുമെന്നുമാണ് കരാര്‍ കമ്പനി പ്രതിനിധികള്‍ പറയുന്നത്. തിരുവങ്ങൂരില്‍ പുതുതായി നിര്‍മ്മിച്ച ആറ് വരിപാതയില്‍ അണ്ടികമ്പനി ഭാഗത്ത് നേരത്തെ ചെറിയ തോതില്‍ വിള്ളല്‍ കാണപ്പെട്ടിരുന്നു. ഈ വിള്ളലിലൂടെ ശക്തമായ മഴയില്‍ വെളളം കുത്തിയൊലിച്ചിരുന്നു. ഈ വിള്ളല്‍ ശാസ്ത്രീയമായി അടച്ചു പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ റോഡും അണ്ടര്‍പാസും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി നടക്കാന്‍ സാധ്യതയുളളുവെന്നാണ് വിവരം. ഇവിടെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്ന് സി പി എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം എം.നൗഫല്‍ ആവശ്യപ്പെട്ടു. തിരുവങ്ങൂരും ചെങ്ങോട്ടുകാവിലും അണ്ടര്‍പാസിന് മുകളിലൂടെ ഗതാഗതം തുറന്നു വിടുകയും, പൊയില്‍ക്കാവില്‍ പണി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ രാമനാട്ടുകര മുതല്‍ പന്തലായനി വരെ തടസ്സമില്ലാതെ യാത്ര ചെയ്യാം.