ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ടെന്നും അത് സമൂഹത്തിലെ അധഃസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ സ്ഥലമാണ്. മതാതീയ ആത്മീയതയുടെ, എല്ലാ മനുഷ്യർക്കും പ്രാപ്തമായ ആരാധനാലയമാണു ശബരിമല. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘ഭക്തരുമായി ചേർന്നു കാര്യങ്ങൾ നടപ്പിലാക്കാനാണ് ഈ സംഗമം. ഇതിനോട് അയ്യപ്പഭക്തന്മാർ പൂർണമായി സഹകരിക്കുന്നു. യഥാർഥ ഭക്തർക്ക് ഇങ്ങനയേ ചെയ്യാനാകൂ. ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജൻഡ ഉണ്ടാകാം. പ്രത്യേക താൽപര്യങ്ങളുണ്ടാകാം. അതിനാൽ അവർ സംഗമം തടയാൻ ശ്രമം നടത്തി. ആ ശ്രമങ്ങളെ സുപ്രീംകോടതി തടഞ്ഞത് ആശ്വാസകരം. തത്വമസി എന്നതാണ് ശബരിമലയിലെ സങ്കൽപം. ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോൾ ഇവിടെ അന്യരില്ല. അഥവാ, അന്യരിലേക്കു കൂടി ഞാൻ എന്ന സങ്കൽപം ചേർന്നു നിൽക്കുന്നു. ഇങ്ങനെ അന്യത എന്നത് ഇല്ലാതാകുന്നു, അപരൻ എന്നത് ഇല്ലാതാകുന്നു. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുന്നു. അത് തെളിയിക്കുന്നതാണ് ശബരിമലയുടെ സന്ദേശം. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും രമണ മഹർഷിയും തെളിയിച്ചു തന്ന തത്വമാണിത്. ഇത് വിളിച്ചു പറയുന്ന അപൂർവക്ഷേത്രങ്ങളിലൊന്നാണ് ശബരിമല’’– മുഖ്യമന്ത്രി പറഞ്ഞു.