മുത്താമ്പി പാലത്തിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുമായി കൊയിലാണ്ടി നഗരസഭ. പാലത്തിൻ്റെ മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ച് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും സിസിടിവി സംവിധാനം ഒരുക്കുമെന്നും നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ പറഞ്ഞു. സോളാർ സംവിധാനം ഉപയോഗിച്ച് പാലത്തിൻ്റെ രണ്ടു ഭാഗത്തും മധ്യത്തിലും സിസിടിവി ക്യാമറ സ്ഥാപിക്കും. ഇത് പൊലീസ് സ്റ്റേഷനുമായും നഗരസഭ ഹെൽത്ത് ഡിപ്പാർട്മെൻ്റുമായും ബന്ധിപ്പിക്കും. വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കി കൊയിലാണ്ടി നഗരസഭ കൗൺസിൽ പ്രമേയം അവതരിപ്പിക്കും. പാലത്തിൽ നെറ്റ് സ്ഥാപിക്കാൻ സർക്കാരിലും പൊതുമരാമത്ത് വകുപ്പിലും സമ്മർദം ചെലുത്തും. മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ ഇതിന് ശാശ്വത പരിഹാരം കാണുകയാണ് നഗരസഭയുടെ ലക്ഷ്യം. നഗരസഭയ്ക്ക് നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾക്ക് വേണ്ടി തുക വകയിരുത്തുമെന്നും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ കെ സത്യൻ പറഞ്ഞു. വളരെ ഗൗരവമേറിയ ഒരു വിഷയമാണിത്. ആത്മഹത്യക്ക് ഏറ്റവും സൗകര്യപ്രദമായ ഒരു സ്ഥലം എന്ന നിലയ്ക്കാണ് പലരും മുത്താമ്പി പാലത്തിൽ എത്തി പുഴയിലേക്ക് എടുത്തു ചാടുന്നത്.
പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കി ശാശ്വതപരിഹാരം കാണാൻ നഗരസഭ കൗൺസിൽ എല്ലാ അർഥത്തിലും തയ്യാറാണെന്നും പാലത്തിൻ്റെ തൊട്ടടുത്ത പ്രദേശവാസി കൂടിയായ സത്യൻ പറഞ്ഞു. നഗരസഭയിലെ നാല് വാർഡുകളുടെ ഒരു സംഗമ സ്ഥാനമാണ് മുത്താമ്പി പാലം. ഈ വാർഡുകളിലെ കൗൺസിലർമാരും വിഷയത്തിൻ്റെ ഗൗരവം അവതരിപ്പിച്ചിട്ടുണ്ട്.
പാലത്തിൽ നിന്നും ചാടിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ സുരക്ഷാവേലി കെട്ടണമെന്നാണ് പൊതു ആവശ്യം. തെരുവ് വിളക്കും സിസിടിയും സ്ഥാപിക്കണം എന്ന ആവശ്യങ്ങളും ശക്തമാണ്. മിക്കവരും ഇരുചക്രവാഹനത്തിലും മറ്റും എത്തിയാണ് അവിവേകം കാണിക്കുന്നത്. വളരെ ആഴമുള്ള സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം പോലും ദുഷ്കരമാണിവിടെ. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇവിടെ സംഭവിക്കുന്ന ഒമ്പതാമത്തെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.