ദേശീയപാതയോരത്തെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ 24 മണിക്കൂറും തുറന്നിടേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകൾ പ്രവർത്തിക്കുന്ന സമയങ്ങളിൽ മാത്രം ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്താൽ മതി. നേരത്തെ, പമ്പുകളിലെ ശുചിമുറികൾ 24 മണിക്കൂറും തുറന്നിടണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പമ്പ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ച് ഈ വിധിയിൽ ഭേദഗതി വരുത്തിയത്. ഉപഭോക്താക്കളല്ലാത്ത ആളുകൾ ശൗചാലയങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് പമ്പ് ഉടമകൾ വാദിച്ചു.
നിലവിലെ ഉത്തരവനുസരിച്ച്, പമ്പുകൾ തുറന്നിരിക്കുന്ന സമയങ്ങളിൽ ഉപഭോക്താക്കൾക്കും യാത്രക്കാർക്കും ജീവനക്കാർക്കും ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാം. ടോയ്ലറ്റ് സൗകര്യങ്ങൾ ലഭ്യമാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ശുചിമുറികളുടെ ഉപയോഗം തടയാൻ പാടുള്ളൂ.
ഈ വിധി പെട്രോൾ പമ്പ് ഉടമകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് വ്യാപകമായ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും വിധം അനുവദിക്കണം എന്ന നിർദേശങ്ങൾക്ക് എതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.