സിപിആർ അഥവാ കാർഡിയോ പൾമണറി റെസിസിറ്റേഷൻ (Cardio Pulmonary Resuscitation) പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഡ്രൈവർമാർ, റെസിഡൻസ് അസോസിയേഷൻ, വിവിധ സേനാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി പേർക്ക് ഘട്ടം ഘട്ടമായി പരിശീലനം നൽകും.
ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) ഉണ്ടാകുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ. ശരിയായ രീതിയിൽ സിപിആർ നൽകി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാൽ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് എല്ലാവർക്കും പരിശീലനം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനായി ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയായിരിക്കും പരിശീലനം. എല്ലാ മെഡിക്കൽ കോളേജുകളിലും പരിശീലനത്തിനായി കാർഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ സ്ഥിരം സംവിധാനമൊരുക്കും. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കും. ഇതുകൂടാതെ ഐഎംഎയിലെ ഡോക്ടർമാരും പരിശീലനത്തിന് നേതൃത്വം നൽകും. പരിശീലനത്തിന് ഐഎംഎ എല്ലാ സഹകരണവും ഉറപ്പ് നൽകി. സിപിആർ പരിശീലനം സംബന്ധിച്ച് ഏകീകൃതമായ ഷോർട്ട് വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കും.
മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഐഎംഎ, കെ.ജി.എം.ഒ.എ, മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, കാർഡിയോളജി വിഭാഗം മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.