കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ 27കാരനാണ് രോഗബാധിതൻ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇയാൾ ചികിത്സയിലാണ്.രണ്ട് മാസം മുൻപ് നാട്ടിലെ ഒരു നീന്തൽ കുളത്തിൽ കുളിച്ചതിനുശേഷമാണ് ലക്ഷണങ്ങൾ പ്രകടമായത്. ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി.
ഈ വർഷം സംസ്ഥാനത്ത് രോഗബാധ മൂലം 17 പേർ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മുട്ടത്തറ സ്വദേശിയായ 52കാരിയും കൊല്ലം വെള്ളിനല്ലൂർ സ്വദേശിയായ 91കാരനുമാണ് മരിച്ചത്.നീന്തൽക്കുളങ്ങളിലെ വെള്ളം മൂക്കിലൂടെ കയറുമ്പോഴാണ് അമീബ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്നാണ് ആദ്യ നിഗമനം. എന്നാൽ, വീട്ടിൽ മാത്രം കുളിച്ചവർക്കും മൂന്നു മാസം പ്രായമുള്ള ശിശുവിനും രോഗം സ്ഥിരീകരിച്ചതോടെ സാഹചര്യം കൂടുതൽ ഗുരുതരമായി.
രാജ്യാന്തര തലത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ മരണനിരക്ക് 97 ശതമാനമാണെങ്കിലും, കേരളത്തിൽ അത് 24 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. എങ്കിലും രോഗവ്യാപനം തടയാനുള്ള വ്യക്തമായ മാർഗ്ഗരേഖകളില്ല.അതേസമയം, സംസ്ഥാനത്ത് വർധിച്ചുവരുന്ന മരണങ്ങളെ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കും. ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് മരണങ്ങൾക്ക് കാരണമെന്നതാണ് പ്രതിപക്ഷ ആരോപണം.