തിരുവനന്തപുരം : സംസ്ഥാനത്തും എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് വരുന്നു. വർഷങ്ങളായുള്ള നിയമക്കുരുക്കിന് ഹൈക്കോടതിയുടെ അനുകൂല നിർദേശം വഴിതുറന്നു. മൂന്ന് മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.കേന്ദ്രസർക്കാരിന്റെ പാനലിൽ ഉൾപ്പെട്ട കമ്പനികളിൽനിന്ന് തന്നെ ടെൻഡർ ഈ മാസം വിളിക്കും. പദ്ധതി തുടങ്ങാൻ 2001ൽ കേന്ദ്രം തീരുമാനിച്ചിരുന്നെങ്കിലും നിയമപരമായ തടസ്സങ്ങൾ കാരണം നടപ്പിലാകാതെ പോയിരുന്നു.
2004-ൽ സുപ്രീംകോടതി രാജ്യത്ത് അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കിയെങ്കിലും കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിരുന്നില്ല. 2019 മാർച്ച് 31ന് ശേഷം ഇറങ്ങിയ വാഹനങ്ങൾക്ക് ഡീലർമാർ നമ്പർപ്ലേറ്റ് ഘടിപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ പഴയ വാഹനങ്ങൾക്ക് സമയക്രമം പ്രത്യേകം നിശ്ചയിക്കേണ്ടിവന്നു.കേരളത്തിൽ കേസ് തുടർന്നതോടെ പദ്ധതി വൈകി. സംസ്ഥാനത്തുതന്നെ നമ്പർപ്ലേറ്റ് നിർമിക്കാൻ ശ്രമിച്ചെങ്കിലും ഭരണപരമായ തടസ്സങ്ങൾ കാരണം സാധിച്ചില്ല. തുടർന്ന് കേന്ദ്ര പാനൽ കമ്പനികൾ കോടതിയെ സമീപിച്ചതോടെയാണ് അന്തിമ വിധി വന്നത്.
2018-ൽ കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രകാരം, ഇരുചക്രവാഹനങ്ങൾക്ക് 425–470 രൂപയും കാറുകൾക്ക് 600–750 രൂപയുമായിരുന്നു ഫീസ്. പുതിയ ടെൻഡറിൽ പരമാവധി 1000 രൂപ വരെയാകും. ഓരോ സീരീസിലുംപ്പെട്ട വാഹനങ്ങൾക്ക് ഓരോ മാസം അനുവദിച്ചുനൽകും. വാഹനങ്ങൾ അതനുസരിച്ച് നമ്പർപ്ലേറ്റ് പതിപ്പിച്ചാൽ മതിയാകുമെന്ന് ഗതാഗത കമ്മിഷണർ എച്ച്. നാഗരാജു വ്യക്തമാക്കി.