കോഴിക്കോട്: കോടികൾ ചെലവഴിച്ച് നവീകരിച്ച ഫറോക്ക് പഴയപാലം വീണ്ടും അപകടാവസ്ഥയിൽ. പാലത്തിന്‍റെ അടിഭാഗത്തെ ക്രോസ് ബീമുകൾ തുരുമ്പേറി അടര്‍ന്നു തുടങ്ങിയത് ഗുരുതര ആശങ്ക ഉയര്‍ത്തി. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
1883ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പാലത്തിന്‍റെ ഗർഡറുകളോട് ചേർന്ന ഭാഗങ്ങളാണ് തകരാറിലായത്. ഗർഡറുകൾ തൂണുകളിൽ ബന്ധിപ്പിക്കുന്ന കവചങ്ങളും തുരുമ്പേറ്റ് കേടായതായി കണ്ടെത്തി. ഉയരം കൂടിയ വാഹനങ്ങൾ കടന്നുപോകുന്നതിനിടെ സംരക്ഷണ കവചങ്ങൾ നേരത്തെ തന്നെ തകർന്നിരുന്നു.
2022-ൽ 90 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണികളും നടപ്പാത നവീകരണവും നടത്തിയിരുന്നു. പിന്നീട്, ഏകദേശം ഒരു കോടി രൂപ ചെലവഴിച്ച് പാലത്തിന് ദീപാലങ്കാരം നടത്തി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, പാലത്തിന്‍റെ അടിഭാഗത്തെ തുരുമ്പ് പ്രശ്നം അധികൃതരെ അന്നേ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.കഴിഞ്ഞ മാർച്ചിൽ നടത്തിയ ഡ്രോൺ പരിശോധനയിലാണ് പാലത്തിന്‍റെ അടിഭാഗം അപകടാവസ്ഥയിലാണെന്ന് സ്ഥിരീകരിച്ചത്.അറ്റകുറ്റപ്പണികൾക്കായി 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഭരണാനുമതി ലഭിച്ചതിനു ശേഷം നടപടികൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.