കോഴിക്കോട്: മലബാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകയായ ഡോ. പി.എ ലളിതയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ മികച്ച സാന്ത്വന പരിചരണത്തിനുള്ള പുരസ്കാരത്തിന് ഡോ. എം.ആർ രാജഗോപാലിന്റെ സാരഥ്യത്തിലുള്ള പാലിയം ഇന്ത്യയും ഡോ. സുരേഷ്കുമാറും അർഹരായി. ഇരുവർക്കും അരലക്ഷം രൂപ വീതമാണ് അവാർഡ് തുക. സാന്ത്വനപരിചരണരംഗത്തെ മികച്ച സേവനത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സി.എച്ച് സെൻ്ററിനു കീഴിൽ ഡോ. എം. അബ്‌ദുള്ള അമീറലി നേത്യത്വം നൽകുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിനാണ്. ഡോ. പി.എ ലളിതയുടെ പേരിലുള്ള നാലാമത്തെ അവാർഡാണിത്. മികച്ച വനിതാ സംരംഭക, ഡോക്ടർമാരിലെ മികച്ച എഴുത്തുകാർ, മനസ്സലിവുള്ള ഡോക്ടർ എന്നീ മേഖലകളിലാണ് നേരത്തേ അവാർഡ് നൽകിയിരുന്നത്. അവാർഡ് ദാന തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
ഡോ. സുരേഷ്കുമാർ
വൈദ്യശാസ്ത്ര ബിരുദം ധനസമ്പാദനത്തിനല്ല, സാമൂഹ്യസേവനത്തിനായിരിക്കണമെന്ന നിഷ്കർഷ ജീവിതത്തിലുടനീളം നിലനിർത്തിയ ഭിഷഗ്വരനാണ് ഡോ. സുരേഷ്കുമാർ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പി.ജി പഠനകാലത്ത് അദ്ദേഹം മനസ്സാ സ്വീകരിച്ചതാണ് സാന്ത്വനചികിത്സ.
കോഴിക്കോട് മെഡിക്കൽ കോളജിൽ അനസ്തീഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരിക്കെ തൻ്റെ അഭിവന്ദ്യഗുരുനാഥൻ ആവിഷ്കരിച്ച സാന്ത്വനചികിത്സാ പദ്ധതിയിൽ ഡോ. സുരേഷ്കുമാർ ആകൃഷ്ടനാകുകയും ആ നിമിഷം മുതൽ അതിൻ്റെ പ്രധാന പ്രവർത്തകനും പ്രചാരകനുമായി പ്രവർത്തിക്കുന്നു. ഡോ. രാജഗോപാൽ തുടങ്ങിവച്ച തൻ്റെ മാധ്യമ സാന്ത്വനചികിത്സാ പദ്ധതിക്ക് അക്കാലത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ ജനമനസ്സുകളിൽ എത്തിച്ചത് സുരേഷ്കുമാറാണ്. തുടർന്ന് അദ്ദേഹത്തിൻ്റെ ജീവിതം സാന്ത്വനചികിത്സയ്ക്കായി മാറ്റിവച്ചതായിരുന്നു. മൂന്നു
സാന്ത്വനചികിത്സാ പതിറ്റാണ്ടുകാലമായി ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഫാക്കൽറ്റിയായും ചികിത്സകനായും രോഗികളുടെ ചങ്ങാതിയായും അദ്ദേഹം അക്ഷീണം പ്രവർത്തിക്കുന്നു. നിലവിൽ ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണത്തിലുള്ള സാന്ത്വനചികിത്സാ പരിപോഷണ കേന്ദ്രത്തിൻ്റെ ഡയറക്ടറാണ് ഡോ. സുരേഷ്കുമാർ.
പാലിയം ഇന്ത്യ
ഇന്ത്യയിലെ സാന്ത്വനചികിത്സയുടെ പിതാവ് ഡോ. എം. ആർ രാജഗോപാൽ നട്ടുവളർത്തി പന്തലിപ്പിച്ച ലോകപ്രശസ്ത സ്ഥാപനമാണ് പാലിയം ഇന്ത്യ. ഏറ്റവും ശാസ്ത്രീയമായ രീതിയിൽ, ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ സാന്ത്വനചികിത്സ ലഭ്യമാക്കുന്നതിനുള്ള ഗവേഷണം, പരിശീലനം എന്നിവ നൽകുന്നു. സാന്ത്വനചികിത്സ ആശയം എത്തിപ്പെടാത്ത ഇന്ത്യൻ പ്രദേശങ്ങളിലെല്ലാം പദ്ധതിയുടെ സേവനമെത്തിക്കാൻ പ്രവർത്തിക്കുന്നു. ഇതിനകം 16 സംസ്ഥാനങ്ങളിൽ സാന്ത്വനചികിത്സാ പദ്ധതിയുടെ സേവനമെത്തിക്കാൻ പാലിയത്തിന്റെ പ്രവർത്തനത്തിനായി. 2016 ൽ സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷൻ ലഭിച്ചു. 2016 ൽ പാലിയം ഇന്ത്യ ശാസ്ത്രീയമായ സാന്ത്വനചികിത്സ പരിശീലിപ്പിക്കുന്നതിനായി പാലിയേറ്റീവ് സർവീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 201208 ലോകാരോഗ്യ സംഘടനയുടെ കൊളാബൊറേറ്റീവ് സെൻ്റർ ആയി അംഗീകരിക്കപ്പെട്ടു.
പൂക്കോയതങ്ങൾ ഹോസ്പിസ്
പാണക്കാട് തങ്ങൾ കുടുംബത്തിന്റെ മഹനീയ ആശീർവാദത്തിൻ കീഴിൽ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ. അമീറിന്റെ സാരഥ്യത്തിൽ സാന്ത്വനപരിചരണരംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന സ്ഥാപനമാണ് പി.ടി.എച്ച്. അഞ്ചു വർഷം മുമ്പു മാത്രം പിറവിയെടുത്ത പി.ടി.എച്ചിന് ഇന്ന് കേരളത്തിൽ മാത്രം 36 യൂണിറ്റുകളും 4180 ഹെൽത്ത് കെയർ വളണ്ടിയർമാരുമുണ്ട്. തമിഴ്നാട്ടിൽ നീലഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ, ചെന്നൈ എന്നിവിടങ്ങളിലും യൂണിറ്റുകളുണ്ട്. പത്രസമ്മേളനത്തിൽ മലബാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എം.ഡി ഡോ. മിലി മണി, അവാർഡ് നിർണയ സമിതി അംഗങ്ങളായ എ. സജീവൻ, കമാൽ വരദൂർ എന്നിവർ പങ്കെടുത്തു.