വടകര ഇരിങ്ങൽ കോട്ടക്കൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായിൽ ഇബ്രാഹിം (വിദ്യാർത്ഥി) ആണ് പരുക്കേറ്റത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നാട്ടുകാർ ട്രാക്കിന് സമീപം വീണ് കിടന്ന ഇസ്മായിലിനെ കണ്ടു. ചെന്നൈ മെയിലിൽ നിന്നാണ് ഇയാൾ വീണത്.
തലയ്ക്ക് പരുക്കേറ്റ ഇയാളെ ആദ്യം വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.വടക്കാഞ്ചേരി മുതൽ കണ്ണൂർ വരെ യാത്ര ചെയ്യുന്നതിനിടെ അപകടം സംഭവിച്ചു. കണ്ണൂർ ചാലയിലെ ഐ.ടി.ഐ വിദ്യാർത്ഥിയാണ് ഇയാൾ. ട്രെയിനിലെ തിരക്കിനിടയിൽ വാതിലിൽ നിന്നുനിൽക്കുമ്പോൾ പിടിവിട്ട് തെറിച്ചുവീഴുകയായിരുന്നുവെന്ന് വിവരം.