ഗുരുവായൂർ : പുതിയ റിലീസ് ആയ ‘ലോക’ സിനിമയുടെ ടിക്കറ്റ് കിട്ടാതെ, മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിരക്കിൽ ഏഴുവയസ്സുകാരനെ മറന്നുവെച്ച് മാതാപിതാക്കൾ. ശനിയാഴ്ച രാത്രി നടന്ന സംഭവമാണ് ഇപ്പോൾ വലിയ ചര്‍ച്ചയായിരിക്കുന്നത്.ദേവകി തിയേറ്ററിൽ ആദ്യം എത്തിയ ഇവർക്ക് ടിക്കറ്റ് ലഭിക്കാതെ വന്നതോടെ, പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് പോയെങ്കിലും, കുട്ടിയെ വാഹനത്തിൽ കയറ്റാൻ മറന്നു. ഇടവേള സമയത്താണ് കുട്ടി ഒപ്പമില്ലെന്ന കാര്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.
അതേസമയം, ദേവകി തിയേറ്ററിന് മുന്നിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ജീവനക്കാർ കണ്ടത് വലിയ ആശ്വാസമായി. തിരക്കിയപ്പോൾ ട്രാവലറിൽ വന്നതാണെന്നും കൂട്ടർ മറ്റൊരു തിയേറ്ററിലേക്ക് പോയെന്നും കുട്ടി പറഞ്ഞു. ഉടൻ തന്നെ വിവരം അപ്പാസ് തിയേറ്ററിലേക്കും കൈമാറി.
സിനിമ നിർത്തിവെച്ച് കുട്ടിയെക്കുറിച്ച് അനൗൺസ്‌മെന്റ് നടത്തിയതോടെ മാതാപിതാക്കൾ തിരികെ എത്തിയെങ്കിലും, ഇതിനകം തന്നെ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. പിന്നീട് സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ മാതാപിതാക്കളുടെ കൈയിൽ ഏൽപിച്ചത്.