ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ്) രീതി വ്യാപകമാകുന്നുവെന്നും ഇത്തരം തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബോധവത്കരണ പോസ്റ്റും കേരള പൊലീസ് പങ്കുവച്ചു. അക്കൗണ്ട് വാടകക്ക് നൽകുകയാണെങ്കിൽ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൌണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നത്.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിൻ്റെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതുണ്ട്. തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.