പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കി രണ്ട് യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ചരൽക്കുന്ന സ്വദേശിയായ ജയേഷും ഭാര്യ രശ്മിയും പോലീസിന്റെ പിടിയിലായി.
ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ഇരയായത്. സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയും അഞ്ചിന് റാന്നി സ്വദേശിയും ജയേഷിന്റെ വീട്ടിൽ വിളിച്ചുവരുത്തിയാണ് മർദിച്ചത്.
രശ്മിയുമായി സൗഹൃദത്തിലായിരുന്ന യുവാക്കളെ പ്രണയം നടിച്ച് വീട്ടിലേക്ക് ക്ഷണിച്ച്, വിവസ്ത്രരാക്കി ലൈംഗികബന്ധം നടിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പകർത്തി. തുടർന്ന് കൈകൾ കെട്ടി കെട്ടിത്തൂക്കി മർദിക്കുകയും അതിക്രൂരമായ പീഡനത്തിനും വിധേയരാക്കുകയും ചെയ്തു.
ഒരു യുവാവിന്റെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിന്നുകൾ അടിച്ചതായും കൈയിലെ നഖം പ്ലയർ ഉപയോഗിച്ച് അമർത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് സൈക്കോ സ്വഭാവമുള്ള പശ്ചാത്തലമുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു.