ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്. ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി കാപ്പാട് കടപ്പുറത്ത് ആദ്യത്തെ വിവാഹ നിശ്ചയം നടന്നു. കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൻ്റെ മാനദണ്ഡങ്ങൾ പാലിച്ച് ഓപ്പൺ സ്റ്റേജിൽ ആയിരുന്നു ചടങ്ങ്. വധു പേരാമ്പ്ര സ്വദേശിയും വരൻ എറണാകുളം സ്വദേശിയുമാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് ചടങ്ങായിരുന്നു ഇത്. നിലവിൽ 50 പേർ പങ്കെടുത്ത ചടങ്ങാണ് നടന്നത്. വരും ദിവസങ്ങളിലേക്ക് നിരവധി ബുക്കിങ്ങുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ് പറഞ്ഞു. അടുത്ത ചടങ്ങ് വടകര സാൻഡ് ബാങ്ക്‌സിലായിരിക്കും നടക്കുക.
കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡിങ്ങിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പാണ് ഇത്തരം കേന്ദ്രങ്ങളിൽ വിവാഹ വേദി അനുവദിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് ജില്ലയിൽ ഏറെ പേരും കാപ്പാടാണ് ആവശ്യപ്പെടുന്നത്. കോഴിക്കോട് ബീച്ച്, തൂവ്വപ്പാറ ബീച്ച്, വടകര സാൻഡ് ബാങ്ക്‌സ്, ബേപ്പൂർ, പയങ്കുറ്റി മല എന്നിവിടങ്ങളിലാണ് ഡെസ്റ്റിനേഷൻ വെഡിങ് അനുവദിക്കാൻ തീരുമാനിച്ച സ്ഥലങ്ങളെന്ന് ഡിടിപിസി മാനേജർ എകെ അശ്വിൻ പറഞ്ഞു. ചെറിയ വാടക ഈടാക്കിയാണ് സ്ഥലം അനുവദിക്കുന്നത്. തീയതിയും അപേക്ഷയും ഡിടിപിസി ഓഫിസിൽ സമർപ്പിക്കണം. ആവശ്യപ്പെടുന്ന തീയതിയിൽ ഒഴിവുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യാം. ചെറിയ ഒരു തുക ഡെപ്പോസിറ്റായി കെട്ടിവയ്ക്കണം. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് തത്‌ക്കാലം ടൂറിസം കേന്ദ്രങ്ങൾ വിട്ടു നൽകാൻ കഴിയില്ല. പരിമിത ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് മാത്രമാണ് നിലവിൽ അനുമതി നൽകുന്നത്. സ്ഥലത്തിൻ്റെ വാടക, കെട്ടിവയ്‌ക്കേണ്ട തുക എന്നിവയെ കുറിച്ച് ഉടൻ തന്നെ ധാരണയാകുമെന്നും ഡിടിപിസി അറിയിച്ചു.
മനോഹരമായ ഭൂപ്രദേശങ്ങളും ബീച്ചുകളും വിവാഹ ചടങ്ങുകൾ നടത്താൻ വേണ്ടി ആകർഷകമാക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്. കാപ്പാട് ബീച്ച് സൗന്ദര്യവത്‌ക്കരിക്കുന്നതിന് നാല് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം ശംഖുമുഖത്തും ഇത്തരം കേന്ദ്രം ഒരുക്കിയിരുന്നു. സ്വകാര്യ കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാടക കുറവാണ്. ഒപ്പം ബീച്ചിൻ്റെ മനോഹരമായ അന്തരീക്ഷം എന്നത് സവിശേഷതയുമാണ്.
