കണ്ണിനടിയിലെ കറുപ്പ് ഇന്ന് പലർക്കും അലോസരമാകുന്ന പ്രശ്നമാണ്. ക്രീമുകളോ സൗന്ദര്യചികിത്സകളോ ആശ്രയിക്കാതെ, ശരിയായ ഭക്ഷണശീലം പാലിച്ചാൽ ഇത്തരം ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.ഡാർക്ക് സർക്കിൾസ് മൂന്ന് തരത്തിലാണ് കണ്ടുവരുന്നത്. പിഗ്മെന്റഡ് ഡാർക്ക് സർക്കിൾസ്, വാസ്കുലാർ ഡാർക്ക് സർക്കിൾസ്, കൊളാജൻ കുറവ് മൂലമുള്ള ഡാർക്ക് സർക്കിൾസ്.
പിഗ്മെന്റഡ് സർക്കിളുകൾ അമിത മെലാനിൻ, ജനിതകം, സൂര്യപ്രകാശം, കണ്ണ് തിരുമ്മൽ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഇതിന് വിറ്റാമിൻ സി സമൃദ്ധമായ നെല്ലിക്ക, പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ ഫലങ്ങളും വിറ്റാമിൻ ഇ അടങ്ങിയ എള്ള്, ബദാം എന്നിവയും ഗുണകരമാണ്.വാസ്കുലാർ സർക്കിളുകൾ ഇരുമ്പ് കുറവ്, നേർത്ത ചർമ്മം, മന്ദഗതിയിലുള്ള രക്തയോട്ടം എന്നിവയാണ് പ്രധാന കാരണങ്ങൾ. കണ്ണിനടിയിലെ നീല-പർപ്പിൾ നിറത്തിലുള്ള വൃത്തങ്ങളായി ഇത് കാണപ്പെടുന്നു. കറിവേപ്പില, ബീറ്റ്റൂട്ട്, കറുത്ത കടല, മുരിങ്ങയില തുടങ്ങിയ ഇരുമ്പ് കൂടുതലുള്ള ഭക്ഷണങ്ങളും വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും ഇതിന് സഹായകമാണ്.
കൊളാജൻ കുറയുന്നത് മൂലമുള്ള സർക്കിളുകൾ വാർദ്ധക്യം, പെട്ടെന്നുള്ള ഭാരം കുറയൽ എന്നിവയാണ് കാരണങ്ങൾ. കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുന്ന എള്ള്, ചണവിത്ത്, കുതിർത്ത വാൾനട്ട് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സൂപ്പുകൾ കണ്ണിനടിയിലെ നിറവ് മെച്ചപ്പെടുത്താനും ചർമ്മാരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നു.വെള്ളം മതിയായ അളവിൽ കുടിക്കുക, ഉറക്കം ഉറപ്പാക്കുക, കഫൈൻ, പഞ്ചസാര, പ്രോസസ്ഡ് ഭക്ഷണം എന്നിവ നിയന്ത്രിക്കുക എന്നിവയും വിദഗ്ധർ നിർദേശിക്കുന്നു.