പേരാമ്പ്ര: പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദൽ റോഡിൻ്റെ പൂഴിത്തോട് ഭാഗത്തെ സർവേ നടപടികൾ ആരംഭിച്ചു. സംസ്ഥാന സർക്കാർ നിർദേശത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് സർവേ നടത്തുന്നത്. രാവിലെ 8 ന് പൂഴിത്തോട്ടിൽ സർവെ സംഘത്തിൻ്റെ യാത്രയുടെ ഫ്ലാഗ് ഓഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ നിർവഹിച്ചു. വാർഡ് മെമ്പർ സി.കെ.ശശി അധ്യക്ഷത വഹിച്ചു. ചെമ്പനോട് വാർഡ് മെമ്പർ കെ.എ.ജോസ് കുട്ടി, സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ ഷാജൻ ഈറ്റത്തോട്ടം, ഫ്രാൻസീസ് കിഴക്കരക്കാട്ട്, ബാബു ചീരമറ്റം, പി.കെ.മനോജ്, ബിജു മണ്ണാർശേരി, സുരേന്ദ്രൻ പൂഴിത്തോട് എന്നിവരും പി.ഡബ്ല്യു.ഡി, വനം ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
അഞ്ച് കിലോമീറ്റർ ജി.പി.എസ്. സർവേയും ഡ്രോൺ സർവെയുമാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ സർവേയർ റിജോബും സംഘവും ആരംഭിച്ചത്. ഇത് അന്തിമഘട്ടത്തിലായിട്ടുണ്ട്. റോഡിൻ്റെ സാധ്യതാ പഠനത്തിനു സർക്കാർ മൊത്തം 1.5 കോടി രൂപ 2024 ൽ അനുവദിച്ചിരുന്നു. പടിഞ്ഞാറത്തറ ഭാഗത്ത് സർവെ നടപടികൾ നേരത്തെ പൂർത്തിയായതാണ്. പൂഴിത്തോട് വന്യജീവി സങ്കേതത്തിൻ്റെ ഭാഗമായതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതി വൈകിയതാണ് ഇവിടെ സർവെക്ക് കാല താമസം നേരിട്ടത്. പേരാമ്പ്ര എം.എൽ.എ ടി. പി. രാമകൃഷ്ണൻ്റെ ഇടപെടലിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു. വനം – പൊതു മരാമത്ത് വകുപ്പുകൾ സഹകരിച്ചാണ് സർവെ നടത്തുന്നത്.
പാതയുടെ വികസനത്തിനു ഇരുജില്ലകളിലും ജനകീയ ആവശ്യം തുടരെ ഉയരുന്നതിനിടയിൽ പുതിയ സർവെ നടപടികൾ ശുഭ സൂചകമാകുമെന്ന പ്രത്യാശയിലാണ് ബദൽ പാതക്കായി 30 വർഷ കാലത്തികധികമായി കാത്തിരുപ്പ് തുടരുന്ന ഇരു ജില്ലകളിലെയും മലയോര നിവാസികൾ. 1994 ൽ മുഖ്യമന്ത്രി കെ. കരുണാകരൻ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.കെ.ബാവ പൂഴിത്തോട്ടിലും പ്രവർത്തി ഉദ്ഘാടനം നടത്തിയ പദ്ധതിയാണിത്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിൻ്റെ അനുമതി ലഭിക്കാതിരുന്നത് റോഡ് പൂർത്തിയാക്കുന്നതിന് തടസമാകുകയായിരുന്നു.