അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം മാത്രം 16 പേർ മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകൾ. എന്നാൽ പ്രതിരോധത്തിലും ഗവേഷണത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. 1971 മുതൽ രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.
മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം പിടിപെടുന്നതെന്ന കരുതലിലായിരുന്നു ആരോഗ്യവകുപ്പ്. എന്നാൽ, കുളിമുറികളിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്നതായി കണ്ടെത്തിയതോടെ കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്നു വിദഗ്ധർ പറയുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 പേർ രോഗബാധിതരായി; ഇവരിൽ 6 പേർ മരിച്ചു. സംസ്ഥാനത്തിന്റെ ജലസമൃദ്ധമായ ഭൂപ്രകൃതിയും കേസുകൾ കൂടുതലാകാൻ കാരണമാകുന്നു.
രാജ്യാന്തര തലത്തിൽ രോഗത്തിന്റെ മരണനിരക്ക് 97 ശതമാനമാണെങ്കിലും കേരളത്തിൽ അത് 24 ശതമാനമായി കുറച്ചത് സർക്കാരിന്റെ നേട്ടമെന്നു വാദമുണ്ട്. മരുന്നിലല്ല, പ്രതിരോധത്തിലാണ് വിജയിക്കേണ്ടതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അമീബ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും നിർദേശം.ജലവിഭവ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് അര ലക്ഷത്തോളം കുളങ്ങളുണ്ട്. ഇവ ക്ലോറിനേറ്റ് ചെയ്യുന്നത് ആവാസവ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ കൃത്യമായ ഇടവേളകളിൽ ശുചീകരണം നിർബന്ധമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തിൽ വെറും 16% മാത്രമേ ശാസ്ത്രീയമായി സംസ്കരിക്കുന്നുള്ളൂ. ശേഷിക്കുന്നത് മണ്ണിലേക്ക് ഒഴുകുന്നതോടെ ബാക്ടീരിയ വളരുകയും അമീബയുടെ സാന്നിധ്യം വർധിക്കുകയുമാണെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിലും അടിയന്തര ഇടപെടൽ വേണമെന്ന് നിർദ്ദേശമുണ്ട്.