ദേശീയപാത 66ൽ വെങ്ങളം-അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവൃത്തിക്കായി കൂടുതല്‍ തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. 145 തൊഴിലാളികള്‍ ഉണ്ടായിരുന്നത് 572 ആയി വര്‍ധിപ്പിച്ചതായി ഇന്ന് (സെപ്റ്റംബർ 11) മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 40.8 കിലോമീറ്റര്‍ വരുന്ന സ്ട്രെച്ചില്‍ നാലു ഭാഗങ്ങളായി തിരിച്ച് പ്രത്യേകമായി പ്രവൃത്തി നടത്താനും വിലയിരുത്താനും മുഖ്യമന്ത്രി നൽകിയ നിര്‍ദ്ദേശം ദേശീയപാത അതോറിറ്റി അംഗീകരിച്ചതായും മന്ത്രി പറഞ്ഞു.
നിരന്തര ഇടപെടലാണ് ദേശീയപാത അതോറിറ്റിയുമായി സംസ്ഥാന സർക്കാർ നടത്തിവരുന്നത്. പ്രവൃത്തി വേണ്ടത്ര പുരോഗതി ഇല്ലാതിരുന്ന ഘട്ടത്തില്‍ ദേശീയപാത അതോറിറ്റിയുമായി നിരന്തരം സംസാരിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും അവലോകന യോഗങ്ങളില്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ ഷെഡ്യുള്‍ തയ്യാറാക്കാനും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർവീസ് റോഡുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും യോഗത്തില്‍ എൻ എച്ച് എ ഐ ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.