ന്യൂഡൽഹി : രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 767 വോട്ടുകളിൽ 452 എണ്ണം നേടി രാധാകൃഷ്ണൻ വിജയിച്ചു. സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശന റെഡിക്ക് 300 വോട്ടുകൾ ലഭിച്ചു. 98.3 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 13 എംപിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
പ്രതിപക്ഷത്തിലെ 19 പേർ എൻഡിഎ സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടുചെയ്തതാണ് ശ്രദ്ധേയമായത്. എൻഡിഎ പരമാവധി പ്രതീക്ഷിച്ചത് 439 വോട്ടുകളായിരുന്നെങ്കിലും 15 അസാധുവായ വോട്ടുകൾ വന്നതോടെ 452 വോട്ടുകൾ നേടുകയായിരുന്നു. ഇന്ത്യാ സഖ്യത്തിന് 315 എംപിമാരും സ്വതന്ത്രരെ കൂടി ഉൾപ്പെടുത്തി 324 പേരുടെ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും ലഭിച്ചത് 300 വോട്ടുകൾ മാത്രം. രണ്ട് ദക്ഷിണേന്ത്യക്കാർ നേർക്കുനേർ മത്സരിച്ച ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.