കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ 13 മൃതദേഹങ്ങൾ രണ്ടുമാസത്തിലേറെയായി സംസ്കാരം കാത്തുകിടക്കുകയാണ്. നിലവിൽ മോർച്ചറിയിലെ 36 മൃതദേഹങ്ങൾ സൂക്ഷിക്കാനാകുന്ന 2 യൂണിറ്റുകളിൽ ഒന്നിന്റെ മോട്ടർ കേടായതിനാൽ പരമാവധി 18 മൃതദേഹങ്ങൾക്കേ ഇപ്പോൾ സൗകര്യമുള്ളൂ.പ്രതിദിനം ശരാശരി 12 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി എത്തുന്നു. പോസ്റ്റുമോർട്ടം പൂർത്തിയാകാതെ കിടക്കുന്ന മൃതദേഹങ്ങൾ കോൾഡ് റൂമിലേക്ക് മാറ്റേണ്ടതുണ്ട്. സ്ഥലസൗകര്യക്കുറവ് കാരണം നവീകരണത്തിലിരിക്കുന്ന യൂണിറ്റിലേക്കും മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയാണ്.
നിയമപ്രകാരം 72 മണിക്കൂറിനുള്ളിൽ സംസ്കാരം നിർബന്ധമാണെങ്കിലും, ബന്ധുക്കൾ എത്താത്ത സാഹചര്യത്തിൽ മൃതദേഹത്തിന്റെ ഉത്തരവാദിത്വം തദ്ദേശസ്ഥാപനത്തിനും പൊലീസിനുമാണ്. പൊലീസ് അന്വേഷണം നടത്തിയിട്ടും ബന്ധുക്കൾ ലഭിക്കാത്തപ്പോൾ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (എൻഒസി) നൽകണം. എന്നാൽ എൻഒസി വൈകുന്നതാണ് മൃതദേഹങ്ങൾ അനിശ്ചിതമായി കാത്തിരിക്കാനുള്ള പ്രധാന കാരണം.
ചേവായൂർ, വെള്ളിമാട്കുന്ന്, വെസ്റ്റ്ഹിൽ പ്രദേശങ്ങളിലെ ഉദയം ഹോമുകളിൽ നിന്നെത്തുന്ന മൃതദേഹങ്ങളാണ് കൂടുതലും. ചേവായൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് 5, വെള്ളയിൽ 5, എലത്തൂർ 1 മൃതദേഹങ്ങളാണ് ഇപ്പോൾ അവകാശികളില്ലാതെ കിടക്കുന്നത്. എൻഒസി കിട്ടിയാൽ തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഉദ്യോഗസ്ഥരാണ് സംസ്കാരം നടത്തേണ്ടത്.കോടതി രാത്രിയിലും പോസ്റ്റുമോർട്ടം നടത്താമെന്നു നിർദേശിച്ചിട്ടുണ്ടെങ്കിലും സൗകര്യങ്ങളില്ലാത്തതിനാൽ അത് ആരംഭിച്ചിട്ടില്ല. പകൽ സമയത്തും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രാത്രിയിൽ പോസ്റ്റുമോർട്ടം നടത്താനാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
2 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളുള്ള പുതിയ മോർച്ചറി കോംപ്ലക്സ് സ്ഥാപിക്കാനുള്ള റിപ്പോർട്ട് വർഷങ്ങൾക്ക് മുൻപേ സമർപ്പിച്ചെങ്കിലും അത് ഇന്നും ഫയലിൽ തന്നെയാണ്.ചേളന്നൂർ സ്വദേശിയായ മീത്തൽ ഭരതന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയില്ല. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീറിന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചത്. സൗജന്യമായി ആംബുലൻസ് വിട്ടുനൽകി ‘യൂണിറ്റി പാലത്ത്’ സഹായം ചെയ്തു. പഞ്ചായത്ത് സമിതി അംഗങ്ങളും ആർആർടി വൊളന്റിയർമാരും ചേർന്നാണ് സംസ്കാരം നടന്നത്.