വടകര ∙ ദേശീയപാതയിലെ അടയ്ക്കാതെരു ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വില്യാപ്പള്ളി റോഡിൽ നിന്നു മാർക്കറ്റ് റോഡിലേക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെയാണ് വാഹനങ്ങൾ കുടുങ്ങിത്തുടങ്ങിയത്. മേൽപാലത്തിന്റെ നിർമാണം ഭാഗികമായി പൂർത്തിയായതിനെ തുടർന്ന് അടിയിലൂടെ വാഹന ഗതാഗതം പുനരാരംഭിച്ചെങ്കിലും, വില്യാപ്പള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്തെ വലിയ കുഴി യാത്രക്കാരുടെ തലവേദനയായി.
കണ്ണൂർ ഭാഗത്തു നിന്ന് ഇടതടവില്ലാതെ വരുന്ന വാഹനങ്ങൾക്കും വില്യാപ്പള്ളി റോഡിലേക്ക് തിരിയുന്നവർക്കും മുന്നോട്ട് പോകാൻ കഴിയാതെ കുടുങ്ങുകയാണ്. പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് ബസുകളും മറ്റും പോകുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. ഇതോടെ അടയ്ക്കാതെരു മുതൽ ആശുപത്രി റോഡുവരെ കുരുക്ക് വ്യാപിക്കുന്നു.
ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ് വലിയ ബുദ്ധിമുട്ടിലാണ്. കുഴി അടയ്ക്കുകയും റോഡിന് അറ്റകുറ്റപ്പണി നടത്തുകയും, ഡിവൈഡർ സ്ഥാപിച്ച് സ്ഥിരം ഗതാഗത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.