തളിപ്പറമ്പ് : രോഗികളുമായി പോയി വരുമ്പോൾ ആംബുലൻസ് മറവിൽ എംഡിഎംഎ എത്തിച്ചുകൊണ്ടിരുന്ന ഡ്രൈവർ എക്സൈസിന്റെ പിടിയിൽ.കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി. മുസ്തഫ (37) യെയാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി കണ്ടിവാതുക്കൽവച്ചു എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മാസങ്ങളായി ഇയാളെ രഹസ്യമായി നിരീക്ഷിച്ചിരുന്ന എക്സൈസ്, കർണാടകയിൽ നിന്ന് ലഹരി കടത്തിയെത്തിക്കുന്ന സമയത്താണ് കുടുക്കിയത്. രോഗികളുമായി യാത്ര ചെയ്യുമ്പോൾ എക്സൈസ്, പൊലീസ് പരിശോധന ഒഴിവാക്കാമെന്ന വ്യാജത്തിൽ ഇയാൾ ഇടപാടുകൾ നടത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി.
റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.കെ. രാജീവന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് ഇയാളെ പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. രാജേഷ്, പി.പി. മനോഹരൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി. വിജയിത്ത്, കലേഷ്, ഡ്രൈവർ പ്രകാശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.