സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ 12 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. പരിശോധന കാര്യക്ഷമമായി നടത്തുന്നത് കൊണ്ടാണ് കൂടുതൽ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച മലപ്പുറം വണ്ടൂർ സ്വദേശിനിക്ക് കൂടി അമീബിക് മസ്തികജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 12 ആയി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ഇതിനിടെ, കഴിഞ്ഞദിവസം വയനാട് സുൽത്താൻ ബത്തേരി സ്വദേശി രോഗം വന്ന് മരണപ്പെട്ടിരുന്നു. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം സ്വദേശി റംലയും കോഴിക്കോട് താമരശ്ശേരി സ്വദേശി ഒമ്പത് വയസുകാരി അനയയും നേരത്തെ മരിച്ചിരുന്നു.







