കോഴിക്കോടിന് പുത്തൻ കാഴ്ചകളുടെ പൊന്നോണം സമ്മാനിച്ച സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം മാവേലിക്കസ് 2025-ന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം ലുലു മാളിലെ വേദിയിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ ജനത ഓണപരിപാടികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്നും അടുത്ത വർഷവും കോഴിക്കോട് അതി ഗംഭീരമായി ഓണാഘോഷം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷത്തെ ഓണസമ്മാനമായി കോഴിക്കോടിനെ കനാൽ സിറ്റിയാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിന്റെ മാധ്യമ അവാർഡുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നടന്നത്. സിനിമ, സംഗീത മേഖലയിലെ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള സംഗീത, നൃത്ത പരിപാടികളും നാടകോത്സവം, നാടൻ കലാകാരരുടെ വിവിധ കലാപ്രകടനങ്ങൾ എന്നിവ കൊണ്ട് കോഴിക്കോടിനെ ആവേശപ്പൂരത്തിലാക്കിയാണ് ഓണാഘോഷം കൊടിയിറങ്ങിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒന്‍പതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്, ലുലു മാള്‍ പാര്‍ക്കിംഗ് സ്ഥലം എന്നിവയായിരുന്നു പ്രധാനവേദികൾ. കൂടാതെ നാടകോത്സവം, ഫുഡ് ഫെസ്റ്റിവല്‍, പുസ്തകമേള, ബേപ്പൂരിൽ ഫ്ലവർ ഷോ തുടങ്ങിയവയും കൂടാതെ ലുലു മാളിൽ ട്രേഡ് ഫെയറും നടന്നു.
ചടങ്ങിൽ എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കെ ടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, ടൂറിസം ഡിഡി പ്രദീപ് ചന്ദ്രൻ, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, കമ്മിറ്റി കണ്‍വീനര്‍ ശ്രീപ്രസാദ് എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം വേദിയിൽ പിന്നണി ഗായിക ചിന്മയി ശ്രീപദ നയിച്ച സംഗീത പരിപാടി അരങ്ങേറി.