കോഴിക്കോട് : കൈയിൽ നിന്ന് പണം വാങ്ങി, ഗൂഗിൾപേ വഴി തിരിച്ചുതരുമെന്ന് പറഞ്ഞ് തട്ടിപ്പ്. ബാലുശ്ശേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. താമരശ്ശേരി എടിഎമ്മിന് സമീപമാണ് ഓഗസ്റ്റ് 31ന് സംഭവം നടന്നത്.
രണ്ടംഗ സംഘമാണ് യുവാവിനെ സമീപിച്ചത്. ‘കൈയിൽ പണം കൊടുക്കൂ, ഉടൻ തന്നെ ഗൂഗിൾപേ വഴി തിരിച്ചുതരും’ എന്നായിരുന്നു വാക്ക്. എന്നാൽ പണം കൈപ്പറ്റിയ സംഘം, തിരിച്ചുതരാതെ ഗൂഗിൾപേയിൽ “money request” മാത്രം നൽകി മുങ്ങുകയായിരുന്നു.
യുവാവ് പോക്കറ്റിൽ നിന്ന് പണം എടുത്ത് കൈമാറുന്നതും, സംഘം അത് ഏറ്റുവാങ്ങുന്നതും തുടർന്ന് സ്ഥലത്ത് നിന്ന് അകലുന്നതും സിസിടിവിയിൽ വ്യക്തമാണ്. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകി.