തൊഴിലുറപ്പ് പദ്ധതിയിൽ സാമഗ്രികൾ വിതരണം ചെയ്തവർക്ക് അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തി. ജില്ലാ ഓംബുഡ്സ്മാന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന.പനവൂർ പഞ്ചായത്തിലെ പരിശോധനയിൽ, രണ്ടു റോഡുകളിൽ കോൺക്രീറ്റ് ഇടാൻ സാമഗ്രികൾ നൽകിയവർക്ക് ഏകദേശം മൂന്ന് ലക്ഷം രൂപ ജിഎസ്ടിയായി നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കോംപോസിഷൻ സ്കീമിലുള്ളവർക്ക് ഉപഭോക്താക്കളിൽ നിന്ന് ജിഎസ്ടി പിരിക്കാനാവില്ല. അവർ വിറ്റുവരവിൽ നിന്ന് സർക്കാരിന് നികുതി അടയ്ക്കേണ്ടതാണ്. എന്നാൽ പഞ്ചായത്ത് നേരിട്ട് ജിഎസ്ടി നൽകിയതായി കണ്ടെത്തി.
കരാറുകാരിൽ നിന്ന് പിരിക്കേണ്ട ഏകദേശം ഒന്നേകാൽ ലക്ഷം രൂപയുടെ ജിഎസ്ടിയും പഞ്ചായത്ത് സർക്കാരിന് അടച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. 18 നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് ഈ ക്രമക്കേട്. അന്തിമ ബിൽ പ്രകാരമുള്ള ജിഎസ്ടി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കിയേ ബിൽ ക്ലിയർ ചെയ്യാവൂ എന്ന നിർദ്ദേശം അവഗണിച്ചതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സിമന്റ് വിതരണവുമായി ബന്ധപ്പെട്ട് ബ്രാൻഡിന്റെയും ഓരോ ചാക്കിന്റെയും നിരക്കുകളുടെയും വിവരങ്ങൾ ബില്ലിൽ രേഖപ്പെടുത്തണമെന്ന മിഷൻ ഡയറക്ടറുടെ നിർദ്ദേശവും പാലിച്ചിരുന്നില്ല.2022 മുതൽ 2024 വരെയുള്ള തൊഴിലുറപ്പ് പദ്ധതികളിലാണ് പരിശോധന നടന്നത്. കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലും സമാനമായ ജിഎസ്ടി ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ട് ആവശ്യപ്പെടുന്നു.