തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റവുമായി സർക്കാർ. വയനാട്, കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് 50 എംബിബിഎസ് സീറ്റുകൾക്ക് വീതം നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അനുമതി ലഭിച്ചു. ഇതോടെ, ഈ സർക്കാരിന്റെ കാലത്ത് നാല് മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നേടാനായി.
ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ച പോലെ, എൻഎംസി മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും ഒരുക്കിയതാണ് അംഗീകാരത്തിന് വഴിയൊരുക്കിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഈ അധ്യയന വർഷം തന്നെ വിദ്യാർത്ഥി പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് മെഡിക്കൽ കോളേജ്
വൈദ്യസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 45 കോടി രൂപ ചെലവിൽ മൾട്ടി പർപ്പസ് ബ്ലോക്ക് ഒരുക്കിയിട്ടുണ്ട്. 60 സീറ്റുകളോടെ നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 നിയമനങ്ങൾ നടപ്പാക്കി. കാത്ത് ലാബ്, ആഞ്ജിയോപ്ലാസ്റ്റി പ്രോസീജറുകൾ, കാർഡിയോളജി വിഭാഗം തുടങ്ങി. സംസ്ഥാനത്ത് ആദ്യമായി സിക്കിൾ സെൽ യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു.
കാസർഗോഡ് മെഡിക്കൽ കോളേജ്
കിഫ്ബി ഫണ്ടിൽ നിന്ന് 160 കോടി രൂപ അനുവദിച്ച് ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്ക് പൂർത്തിയായി. 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകി. ന്യൂറോളജി, നെഫ്രോളജി ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി ഒപികൾ ആരംഭിച്ചു. 60 സീറ്റുകളോട് കൂടി നഴ്‌സിംഗ് കോളേജും ആരംഭിച്ചിട്ടുണ്ട്. ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങളും ലഭ്യമാക്കി.
ആധുനിക സൗകര്യങ്ങളോടുകൂടി വികസിപ്പിച്ച രണ്ടു മെഡിക്കൽ കോളേജുകളും സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.