തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ആറിന് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിൽ സിനിമാതാരങ്ങളായ രവി മോഹൻ, ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളായിരിക്കും. സെപ്റ്റംബർ ഒൻപതിന് മാനവീയം വീഥിയിൽ നടക്കുന്ന ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. ഘോഷയാത്രയ്ക്ക് ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും.
33 വേദികളിലായി സംഗീതം, നൃത്തം, നാടകം ഉൾപ്പെടെ നിരവധി കലാപരിപാടികൾ അരങ്ങേറും.
ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളും സർക്കാർ മന്ദിരങ്ങളും വൈദ്യുത ദീപാലങ്കാരത്തിൽ മിനുങ്ങുന്നു. കവടിയാർ മുതൽ മണക്കാട് വരെയുള്ള റോഡുകളിൽ ഒരുക്കിയ വർണ്ണാഭമായ അലങ്കാരങ്ങൾ നഗരത്തിന്റെ മുഖച്ഛായയെ മാറ്റിമറിച്ചിരിക്കുകയാണ്.