സെക്കൻഡുകൾക്ക് മുമ്പുവരെ ഊർജസ്വലനായി സഹപ്രവർത്തകർക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച ജുനൈസ് പൊടുന്നനെ സ്റ്റേജിൽ കുഴഞ്ഞുവീണു. കാൽവഴുതി വീണതാണ് എന്നായിരുന്നു ഒപ്പം നൃത്തം ചെയ്തവർ കരുതിയത്. എന്നാൽ, ഒരിക്കലും എഴുന്നേൽക്കാത്ത വീഴ്ചയായിരുന്നു അതെന്ന് അവർ തിരിച്ചറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു…
തിങ്കളാഴ്ച നിയമസഭയില്‍ ഓണാഘോഷത്തിനിടെയാണ് നിയമസഭയില്‍ ഡെപ്യൂട്ടി ലൈബ്രേറിയനായ ജുനൈസ് കുഴഞ്ഞുവീണ് മരിച്ചത്. വയനാട് സുല്‍ത്താൻ ബത്തേരി കാർത്തിക ഹൗസിങ് കോളനി വാഴയില്‍ ഹൗസില്‍ പരേതനായ കുഞ്ഞബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ് വി. ജുനൈസ് അബ്ദുല്ല. 46 വയസ്സായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് ഓണസദ്യക്കുശേഷം 3.30 ഓടെ ശങ്കരനാരായണൻ തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ നടക്കുമ്പോഴായിരുന്നു ദാരുണസംഭവം. സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. കാൽവഴുതി വീണെന്നാണ് ഒപ്പമുള്ളവർ ആദ്യം കരുതിയത്. എഴുന്നേല്‍ക്കാതിരുന്നതോടെ ജുനൈസിനെ നിയമസഭയിലെ ആംബുലൻസില്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
14 വര്‍ഷമായി നിയമസഭയില്‍ ജോലി ചെയ്തുവരികയാണ് ജുനൈസ്. പി.വി. അൻവര്‍ എം.എൽ.എ ആയിരുന്ന ഘട്ടത്തിന്‍റെ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫായി പ്രവർത്തിച്ചിരുന്നു. അൻവര്‍ രാജിവച്ചതിനെ തുടർന്നാണ് നിയമസഭയിലേക്ക് മടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് നിയമസഭയിലെ ഓണാഘോഷം നിർത്തിവെച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച നിയമസഭയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
ജുനൈസിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എ.എൻ. ഷംസീര്‍ അനുശോചിച്ചു. ജുനൈസിന്റെ ഭാര്യ: റസീന (അധ്യാപിക, തിരുവനന്തപുരം). മക്കൾ: നജാദ് അബ്ദുല്ല (ഒമ്പതാം ക്ലാസ് വിദ്യാർഥി), നിഹാദ് അബ്ദുല്ല (ആറാം ക്ലാസ് വിദ്യാർഥി).